വാര്യാപുരം കൊല്ലംപടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ചർച്ച് ചാപ്പലിന്റെ ജനൽ ഗ്ലാസ്സുകൾ അടിച്ചുതകർത്ത കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് ഉടനടി അറസ്റ്റ് ചെയ്തു.ചുരുളിക്കോട് പാലമൂട്ടിൽ വീട്ടിൽ സുധീഷ് (21), വാര്യാപുരം കൊല്ലംപടി കലതി വിളയിൽ ചാരുദത്തൻ (22), വാര്യാപുരം നിരവത്ത് വീട്ടിൽ അമൽ സഹദേവൻ (21), മൈലപ്ര വല്യന്തി തടത്തുവല്ലിപ്പറമ്പ് വീട്ടിൽ അനന്തു (20) എന്നിവരാണ് പിടിയിലായത്. 26 ന് രാത്രി 9 നായിരുന്നു ആക്രമണം. 2000 രൂപയുടെ നഷ്ടമുണ്ടായി.
ചർച്ച് ട്രസ്റ്റി ചെന്നീർക്കര ഇലന്തൂർ ഈസ്റ്റ് വാര്യാപുരം കരിമ്പുകണ്ടത്തിൽ കെ സി വർഗീസി(65)ന്റെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് 27 ന് രാവിലെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയെന്നതിനാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം സംബന്ധിച്ച് ചർച്ച് സെക്രട്ടറി മാത്യു , ട്രസ്റ്റിയെ അപ്പോൾ തന്നെ ഫോണിൽ അറിയിച്ചിരുന്നു. തുടർന്ന് ട്രസ്റ്റി സ്ഥലത്ത് എത്തി നോക്കുകയും, വികാരിയെയും പള്ളി ഭാരവാഹികളെയും അറിയിക്കുകയും ചെയ്തു. പ്രതികൾക്ക് പള്ളിയുമായി യാതൊരു ബന്ധവും ഇല്ലെന്നും മനപ്പൂർവം മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയതാണെന്നു ട്രസ്റ്റി നൽകിയ മൊഴിയിൽ പറയുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. തുടർന്ന്, വാര്യാപുരം ജംഗ്ഷന് സമീപത്തുനിന്നും രാത്രി 10.20 ന് ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ മൂന്നും നാലും പ്രതികളെയും പിടികൂടി സ്റ്റേഷനിലെത്തിച്ചു. പള്ളിട്രസ്റ്റിയെ വിളിച്ചുവരുത്തി പ്രതികളെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഗ്ലാസ് അടിച്ചുപൊട്ടിച്ചപ്പോൾ സുധീഷിന്റെ വലതു കൈക്ക് മുറിവേറ്റിരുന്നു. 2023 ൽ ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ആറന്മുള പോലീസ് എടുത്ത കേസിൽ പ്രതിയായിട്ടുണ്ട് സുധീഷ്. പോലീസ് ഇൻസ്‌പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐമാരായ രാജേഷ് കുമാർ, ഡൊമിനിക്ക് മാത്യു, ജോൺ, ഷിബു, എസ് സി പി ഓ വിഷ്ണു, സി പി ഓ അനന്തു എന്നിവരാണ് ഉണ്ടായിരുന്നത്.
Home പള്ളിയുടെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത കേസിൽ 4 യുവാക്കൾ അറസ്റ്റിൽ