മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പോലീസ് സഹായം കയ്യെത്തും ദൂരത്തുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. തിരുവല്ല പത്തനംതിട്ട റോഡിലുള്ള തോട്ടഭാഗം ഗവണ്മെന്റ് എൽ പി സ്കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കവേയാണ് ജില്ലാ പോലീസ് മേധാവി ആളുകൾക്ക് പോലീസ് സഹായം എപ്പോഴും ലഭ്യമാണെന്ന് ഉറപ്പുനൽകിയത്. ഇവിടെ 10 കുടുംബങ്ങളിൽ നിന്നുള്ള 39 പേരാണ് കഴിയുന്നത്. ഇവരോട് സംസാരിച്ച അദ്ദേഹം, ആവശ്യങ്ങളിൽ പോലീസ് ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവിലയിരുത്തി. ശുചിമുറിസൗകര്യങ്ങളുടെ കാര്യത്തിലുയർന്ന പരാതി പഞ്ചായത്ത് അധികൃതരുമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തി.
ക്യാമ്പുകളിൽ പോലീസ് സന്ദർശനംതുടർച്ചയായുണ്ടാവണമെന്നും, ആളുകളുടെ
ആവശ്യങ്ങൾക്കനുസരിച്ച് താമസം കൂടാതെ പോലിസ് സഹായങ്ങൾ ലഭ്യമാക്കണമെന്നും തിരുവല്ല എസ് എച്ച് ഓയ്ക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തു. ഇന്നലെ മൂന്നുമണിക്കാണ് ജില്ലാ പോലീസ് മേധാവി ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി സലാം, അംഗനവാടി അധ്യാപകർ, റവന്യു വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി. കൃത്യമായുള്ള സന്ദർശനങ്ങൾ സ്കൂളിലെ പട്ടാബുക്കിൽ രേഖപ്പെടുത്താനും പോലീസിന് നിർദേശം നൽകി. പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ്, എസ് ഐ സുഭാഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സ്കൂളിലെ സന്ദർശക രജിസ്റ്ററിൽ ജില്ലാ പോലീസ് മേധാവി ഒപ്പുവയ്ക്കുകയും ചെയ്തു.
Home മഴക്കെടുതി: ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി