വിശക്കുന്നവൻ്റെ മുന്നിൽ ഭക്ഷണമായി, അനാഥന് കരുതലായി, വരണ്ട നാവിന് – കുടിനീരായി, നിർദ്ധന വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി, നഗ്നന് വസ്ത്രമായി, രോഗിക്ക് ചികിത്സയായി, മനോവ്യഥയിൽ വചനാമൃതമായി വ്യത്യസ്ഥ രൂപഭാവങ്ങളിൽ ജനഹൃദയങ്ങളിൽ നിറഞ്ഞ ആത്മീയാചാര്യൻ. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിന് പ്രകാശമാകാൻ എരിഞ്ഞടങ്ങിയ ദീപനാളമായിരുന്നു മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത.
വചനം ജഡമായി മാറിയ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകൻ ഡോ. അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ വേർപാടിന് മെയ് 8 ന് ഒരാണ്ടു പൂർത്തിയാകുന്നു. 2024 ൽ അമേരിക്കയിലെ ടെക്സാക്സിൽ ഉണ്ടായ റോഡപകടത്തിലൂടെയാണ് മെത്രാപ്പോലീത്ത കാലം ചെയ്തത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി 86 രൂപതകളും ലക്ഷക്കണക്കിന് വിശ്വാസികളുമുള്ള ദൈവസഭയായി ബിലീവേഴ്സ് ചർച്ചിനെ വളർത്തിയെടുക്കാൻ ഈ പിതാവിൽ വ്യാപരിച്ച ദൈവീക അരൂപിയിലൂടെയാണ് കഴിഞ്ഞത്.വ്യാഴാഴ്ച പുലർച്ചെ 6 ന് തിരുവല്ല കുറ്റുപ്പുഴ സെൻ്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാനയോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു തുടർന്ന് കത്തീഡ്രലിനോടു ചേർന്നുള്ള കബറിടത്തിൽ ധൂപപ്രാർത്ഥന നടന്നു. കുർബ്ബാനയ്ക്കും ധൂപപ്രാർത്ഥനയ്ക്കും ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മീകത്വം വഹിച്ചു.10.30 ന് സെൻ്റ് തോമസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ബീഹാർ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഉദ്ഘാടനം ചെയ്യും. യോഹാൻ സ്മൃതി എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. സഭയിലെ ആർച്ചുബിഷപ്പന്മാർ, എപ്പിസ്ക്കോപ്പാമാർ , PRO റവ. സിജോ പന്തപ്പള്ളിൽ, സെക്രട്ടറി റവ.ഡോ.ദാനിയേൽ ജോൺസൺ തുടങ്ങിയവർ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Home സുകൃത ജൻമത്തിന് സ്മൃതി പൂജ.ആചാര്യ സ്മരണക്ക് ഒരാണ്ട്.