ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത് കോടികളുടെ ക്രമക്കേട് . നഷ്ടം ഏഴു കോടി എഴുപത്തി ഏഴര ലക്ഷം. 14 വർഷം ഭരിച്ച പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടേയും കുടുംബാംഗങ്ങൾ മാത്രം തിരിച്ചടക്കേണ്ടത് ഒന്നരക്കോടി. ഒരേ വസ്തുവിൻ്റെ ഈടിൽ 30 വരെ ചിട്ടിയും, വായ്പയും. തകർച്ചയുടെ ഘട്ടത്തിൽ നിക്ഷേപകർ വെറും കൈയ്യോടെ മടങ്ങേണ്ടി വരുമ്പോൾ കുടിശ്ശിഖയുടെ പകുതിയോളം കുറച്ചു നൽകാനുള്ള നീക്കം കോടതിയിൽ ചോദ്യം ചെയ്തത് കുറ്റമോ? അതിൻ്റെ പേരിൽ ജീവനക്കാരനായ cpm നേതാവിനെ cpm ഭരിക്കുന്ന അയിരൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് സസ്പെൻ്റു ചെയ്ത നീതിബോധമേ നമിച്ചു.
2023-2024 സാമ്പത്തിക വർഷത്തെ ഓഡിറ്റിലൂടെയാണ് അയിരൂർ വില്ലേജ് സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളും ഭീമമായ നഷ്ടക്കഥകളും പുറം ലോകം അറിയുന്നത്. ആയിരക്കണക്കിന് സഹകാരികളും, നൂറു കണക്കിന് നിക്ഷേപകരുമുള്ള ജില്ലയിലെ തന്നെ മുന്നണിയിലുള്ള സഹകരണ ബാങ്കാണ് ക്രമക്കേടുകളുടെ തലസ്ഥാനമായത്. ക്രമക്കേടുകൾ ഒന്നിനു പിന്നാലെ ഒന്നായി മാധ്യമ വാർത്തയായതോടെ അതുവരെ മിണ്ടാതിരുന്ന പ്രതിപക്ഷങ്ങൾ മനസ്സില്ലാ മനസ്സോടെ സമരങ്ങൾ ആരംഭിച്ചു. UDF ഉം BJP യും കുറെ മുദ്രാവാക്യം വിളിച്ച് ദിവസങ്ങളോളം നാട്ടുകാരുടെ കർണ്ണപുടം തകർന്നതല്ലാതെ ഒരു നിയമ നടപടിക്കും തയ്യാറായില്ല. ഒടുവിൽ ഇവരെല്ലാം വീണ്ടും മിണ്ടാവ്രതമാരംഭിച്ചു.
വലിയ തുക നിക്ഷേപിച്ചവരുൾപ്പെടെ പണം കിട്ടാത് കണ്ണീരോടെ വെറും കൈയ്യുമായി മടങ്ങി. ഇതിനിടയിലാണ് 56 ലക്ഷം രൂപ കുടിശ്ശിഖയുള്ള ആളിന് പകുതിയോളം തുക കുറച്ചു നൽകാൻ ഡയറക്ടർ ബോർഡു തീരുമാനിച്ചത്. നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിയിൽ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനത്തിനെതിരെ ബാങ്ക് സീനിയർ ക്ലർക്ക് സിബി തോമസ് ഹൈക്കോടതിയിൽ റിട്ടു നൽകി. ബാങ്കിൻ്റെ രക്ഷക്ക് നീതിപീഠത്തെ സമീപിച്ച മുൻ DYFI ബ്ലോക്ക് നേതാവും cpm അയിരൂർ ലോക്കൽ കമ്മിറ്റി അംഗവുമായ സിബിയെ CPM ഭരിക്കുന്ന ബാങ്ക് ഡയറക്ടർ ബോർഡ് 2025 മെയ് 13 ന് സസ്പെൻ്റു ചെയ്യുകയായിരുന്നു.
ജില്ലയിൽ ഒട്ടെല്ലാ സഹകരണ സംഘങ്ങളുടെയും പ്രവർത്തനം മാതൃകാപരമാണ്. കൂടുതൽ സുതാര്യവും, ജനകീയവുമായിട്ടാണ് cpm പ്രവർത്തിക്കുന്നത്. അഴിമതിയും ക്രമക്കേടും കണ്ടാൽ തിരുത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യാറുള്ള cpm ന് അയിരൂരിൽ എന്തു പറ്റി എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഉപരിക്കമ്മിറ്റിക്കാർ ഇതൊന്നും അറിയുന്നില്ലെയെന്നും ഇങ്ങനെ പോയാൽ എവിടെയെത്തും എന്നും ചോദ്യം.