Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ട 6 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മ്മാണം പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലയില്‍ 5 ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ ലഭ്യമായിരുന്നു. ഇത് കൂടാതെ കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മ്മാണം പൂര്‍ത്തിയാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂം സജ്ജമാക്കിയത്. നിലവില്‍ ഗൈനക്കോളജി ഒപി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിരവധി പേര്‍ പ്രതിദിനം ചികിത്സ തേടിയെത്താറുണ്ട്. ലക്ഷ്യ ലേബര്‍ റൂം ഉള്‍പ്പെടെ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ച സേവനം ലഭ്യമാകും.

കോന്നി മെഡിക്കല്‍ കോളേജില്‍ 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, 2 എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാണ്.

Advertisement

ഈ കാലത്ത് പത്തനംതിട്ടയിലെ ആരോഗ്യ മേഖലയില്‍ വലിയ വികസനമാണുണ്ടായത്. കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കി. നിലവില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. കിഫ്ബി മുഖേന 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി, 200 കിടക്കകള്‍ കൂടിയുള്ള ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

26 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തി. ഇതുകൂടാതെ സാമൂഹിക ആരോഗ്യ കേന്ദ്രം തുമ്പമണ്‍, പ്രാഥമികാരോഗ്യ കേന്ദ്രം വള്ളിക്കോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി ഉയര്‍ത്തി. ജില്ലാ ആശുപത്രി കോഴഞ്ചേരി ജനറല്‍ ആശുപത്രി അടൂര്‍ താലൂക്ക് ആശുപത്രികളായ റാന്നി, മല്ലപ്പള്ളി എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 93.84 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി.

നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജനറല്‍ ആശുപത്രി പത്തനംതിട്ട, സാമൂഹിക ആരോഗ്യ കേന്ദ്രം എഴുമറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ കൂടല്‍, മലയാലപ്പുഴ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 44.41 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 8 കോടി രൂപ മുതല്‍ മുടക്കി കാത്ത് ലാബ് സ്ഥാപിച്ചു. ഇതുകൂടാതെ കാത്ത് ലാബിന്റെ ശാക്തീകരണത്തിനായി 2 കോടി രൂപ അനുവദിച്ചു. 23.75 കോടി രൂപയുടെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്, ഒ.പി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 13 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് ആരംഭിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീര്‍ക്കര, ഓമല്ലൂര്‍, കോയിപ്രം ചന്ദനപ്പള്ളി, ഏഴംകുളം, വടശ്ശേരിക്കര, ആനിക്കാട്,നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറല്‍ ആശുപത്രി അടൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്‍.ക്യു.എ.എസ്. ലഭിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement