പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത അഞ്ചാമത് അവലോകനയോഗം സന്നിധാനത്ത് നടന്നു. ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11 നാണ് എ ഡി എം അരുൺ കുമാറിന്റെ അധ്യക്ഷതയിൽ യോഗം നടന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ജോയിന്റ് എസ് ഓ ഉമേഷ് ഗോയൽ, അസിസ്റ്റന്റ് എസ് ഓ റ്റി എൻ സജീവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്സൈസ്, റവന്യൂ, മലിനീകരണനിയന്ത്രണബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തീർത്ഥാടനകാലം പരാതിരഹിതമായും ഭംഗിയായും തുടർന്നുവരികയാണെന്നും, ഇതിൽ എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം അഭിനന്ദനീയമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.തിരക്ക് നിയന്ത്രണത്തിൽ പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും, തീർഥാടനം പൂർണവിജയമാക്കാൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് തുടർന്നും നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വകുപ്പുകളുടെയും പ്രവർത്തനം മികച്ചതാണെന്ന് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. പോലീസ് സംബന്ധമായ പ്രവർത്തനങ്ങൾ സ്പെഷ്യൽ ഓഫീസർ വിശദീകരിച്ചു.
ഹൃദയാഘാതമരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ, പമ്പ മുതൽ അപ്പാച്ചിമേട് വരെയുള്ള ഭാഗത്ത് ഇത് നേരിടാൻ അഞ്ചിടങ്ങളിൽ അടിയന്തിര യന്ത്രസംവിധാനം സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. വാഹനങ്ങളിൽ ഫാസ് ടാഗ് വെക്കുമ്പോൾ ബി എസ് എൻ എൽ നെറ്റ്വർക്കിന്റെ വേഗം കുറയുന്നതും, മണ്ണിടിച്ചിൽ സാധ്യതയുള്ള തീർഥാടന പാതയിലെ ഇടങ്ങളിൽ പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു. മരണം സംഭവിക്കുമ്പോൾ മൃതദേഹം ഇപ്പോൾ കൊണ്ടുപോകുന്നത് സ്ട്രെച്ചറിലാണെന്നും ഇതിന് പരിഹാരമായി ഒരു ആംബുലൻസിന്റെ സേവനം ലഭ്യമാക്കുന്നത് ദേവസ്വം ബോർഡിന്റെ പരിഗണയിലുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
Home എല്ലാ വകുപ്പുകളുടെയും ഉന്നതതല അവലോകനയോഗം സന്നിധാനത്ത് നടന്നു