വിലാപം ഒടുങ്ങാതെ ഇരവിപേരൂർ ഗ്രാമം. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം ഒരു നിമിഷമെങ്കിലും കാണാൻ. ഏറ്റു വാങ്ങാൻ ഗ്രാമം ഒന്നാകെ കാത്തിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച പകൽ 11.30 ന് കോയമ്പത്തൂർ മധുക്കര എൽ ആൻഡ് ടി ബൈപ്പാസിലെ വാഹന അപകടത്തിലാണ് ഇവരുടെ ജീവൻ പൊലിഞ്ഞത്. ഇരവിപേരൂർ കുറ്റിയിൽ 60 കാരനായ ജേക്കബ് ഏബ്രഹാം, ഭാര്യ 55 വയസ്സുള്ള ഷില ജേക്കബ്, ഇവരുടെ കൊച്ചു മകൻ രണ്ടു മാസം പ്രായമുള്ള ആരോൺ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആരോണിൻ്റെ അമ്മ അലീന ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.
അപകടത്തിൽ മരിച്ച മൂന്നു പേരുടെയും മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിരുവല്ലയിൽ എത്തിക്കും. തുടർന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദ്ദേഹം പിന്നീട് ഇരവിപേരൂർ സെൻ്റ്മേരീസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും.
മരിച്ച ദമ്പതികളുടെ മകൾ അലീനയുടെ രണ്ടാമത്തെ കുട്ടിയാണ് ആരോൺ . അലീനയുടെ ഭർത്താവ് പുനലൂർ വിളക്കുവെട്ടം മാങ്ങാച്ചാലിൽ തോമസ് കുര്യാക്കോസ് സൗദിയിൽ ജോലിയാണ്. അവിടെ നേഴ്സായി ജോലി ചെയ്യുന്ന തോമസ് എട്ടു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. തൻ്റെ പൊന്നോമനയെ ആദ്യമായി കാണുമ്പോൾ അവൻ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരിക്കും. വേദനാജനകമായ ഇത്തരം മുഹുർത്തം ആർക്കും ഉണ്ടാകരുതെ എന്ന പ്രാർഥനയിലാണ് ബന്ധുജനങ്ങളും നാട്ടുകാരും.