സന്നിധാനം വെർച്വൽ ക്യൂ കൗണ്ടറിലെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ അയ്യപ്പഭക്തരുടെ എഴുപത്തി അയ്യായിരം രൂപയടങ്ങിയ ബാഗും, 3 മൊബൈൽ ഫോണുകളും ഉടമസ്ഥരെ തിരിച്ചേൽപ്പിച്ചു. ഫോണിലെ കോൺടാക്ട് നമ്പരിൽ വിളിച്ച് ഉടമകളെ തിരികെയേൽപ്പിക്കുകയായിരുന്നു. നിറയെ പണം സൂക്ഷിച്ച ബാഗ് കൌണ്ടറിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എസ് ഐ മണികണ്ഠനെ ഏൽപ്പിച്ചത്. ബാഗിനുള്ളിൽ വച്ചിരുന്ന ആധാർ കാർഡിന്റെ കോപ്പിയിൽ കണ്ട ഫോൺ നമ്പരിൽ എസ് ഐ ബന്ധപ്പെട്ടുവെങ്കിലും എടുത്തില്ല. തുടർന്ന്, ആ നമ്പറിലെ വാട്സാപ്പിൽ ആധാർ കാർഡിന്റെ ഫോട്ടോ എടുത്തിട്ടപ്പോൾ ഉടമസ്ഥൻ തിരികെ വിളിച്ചു, പോലീസ് സ്വാമിയെ വിവരം ധരിപ്പിച്ചു. പണം നഷ്ടപ്പെട്ട സങ്കടത്തോടെ മടക്കയാത്ര തുടങ്ങി നടപന്തലിൽ എത്തിയ ഇദ്ദേഹം, ആശ്വാസത്തോടെ വെർച്വൽ ക്യൂ കൗണ്ടറിൽ എത്തി എസ് ഐ മണികണ്ഠനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും അടയാളവിവരങ്ങൾ നൽകുകയും ചെയ്തു. അവിടെ ചുമതലയിലുണ്ടായിരുന്ന പോലീസ് ഇൻസ്‌പെക്ടർ വിപിൻ ( കണ്ണനല്ലൂർ പോലീസ് ഇൻസ്‌പെക്ടർ, കൊല്ലം സിറ്റി ) ന്റെ നേതൃത്വത്തിൽ ബാഗ് ഉടമയ്ക്ക് തിരിച്ചുനൽകി. എണ്ണിതിട്ടപ്പെടുത്തി പണമൊന്നും നഷ്ടപെട്ടില്ലെന്ന് ബോധ്യപ്പെട്ട സ്വാമി, സന്തോഷത്തോടെ പോലീസ് ഉദ്യോഗസ്ഥർക്ക് മനം നിറഞ്ഞ് നന്ദിയും പറഞ്ഞ് മടക്കയാത്ര തുടർന്നു. 40 ഭക്തർ അടങ്ങിയ ആന്ധ്രാ സംഘത്തിലെ ഗുരുസ്വാമിയുടെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.
Home അയ്യപ്പഭക്തരുടെ എഴുപത്തി അയ്യായിരം രൂപയടങ്ങിയ ബാഗും, 3 മൊബൈൽ ഫോണുകളും ഉടമസ്ഥരെ കണ്ടെത്തി നൽകി പോലീസ്