പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ജില്ലാ പോലീസിന്റെ ശ്രമങ്ങൾക്ക് ടെലികോം ഓപ്പറേറ്ററായ വി യുടെ സഹകരണം. കുട്ടികൾ കുടുംബാo ഗങ്ങളിൽ നിന്നും കൂട്ടംതെറ്റി പോകുന്ന സാഹചര്യങ്ങളിൽ, അവരെ കണ്ടെത്തുന്നതിന് പ്രയോജനപ്പെടുന്ന ക്യുആർ കോഡ് ബാൻഡ് ഇന്ന് പുറത്തിറക്കി. വോഡഫോൺ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്റും സർക്കിൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ ബിനു ജോസ്, അഡീഷണൽ എസ് പി ആർ ബിനു, സൈബർ സെൽ എസ് ഐ പി ബി അരവിന്ദാക്ഷൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ക്യൂആർ കോഡ് ബാൻഡ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്നുരാവിലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിലാണ് ഇത് പുറത്തിറക്കിയത്.
പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദർശിച്ച് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്ത് ബാൻഡ് ലഭ്യമാക്കാം. അത് കുട്ടിയുടെ കയ്യിൽ കെട്ടാവുന്നതാണ്. കൂട്ടം തെറ്റിപ്പോയ കുട്ടിയെ കണ്ടെത്തുമ്പോൾ അടുത്തുള്ള പോലീസ് ചെക്ക് പോസ്റ്റിൽ ഏല്പ്പിച്ച്, പോലീസ് ഉദ്യോഗസ്ഥൻ കോഡ് സ്കാൻ ചെയ്ത് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വിളിക്കുന്നതിലൂടെ ബൂത്തിൽ വന്ന് രക്ഷിതാക്കൾക്ക് കുട്ടിയെ കൂട്ടാൻ സാധിക്കും.
സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിർണായകമായ കാലഘട്ടത്തിൽ, ശബരിമല തീർത്ഥാടനകാലത്ത് അഭിമുഖീകരിക്കുന്ന ആശങ്കകളിലൊന്ന് പരിഹരിക്കുന്നതിന് വിയുമായി സഹകരിച്ച് അതിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു. കൂട്ടം തെറ്റുന്ന കുട്ടികളെ സുരക്ഷിതരായി രക്ഷാകർത്താക്കൾക്ക് തിരികെ ഏൽപ്പിക്കുന്നതിൽ ഇത് ഭക്തർക്ക് വളരയെധികം ഗുണപ്രദമാകുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലകാലത്ത് പ്രത്യേകിച്ച് മകരവിളക്ക് സമയത്തെ തിരക്കിൽ കൂട്ടികൾ കൂട്ടം തെറ്റുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് വിയുടെ ക്യൂആർ കോഡ് ബാൻഡ് വളരെയധികം സഹായകരമാവുമെന്ന് ബിനു ജോസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തിരക്കുള്ള ശബരിമല തീർത്ഥാടന കാലം ഡ്യൂട്ടി ചെയ്യുന്ന പോലീസിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Home ശബരിമല: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസുമായി സഹകരിച്ച് ക്യൂ ആർ കോഡ് ബാൻഡ് പുറത്തിറക്കി വി