കർഷകരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം ഉയർത്താനും സാമ്പത്തിക അടിത്തറ ശക്തമാക്കാനും ആരംഭിച്ച സഹകരണ സംഘങ്ങൾ ഇന്ന് തട്ടിപ്പ് കേന്ദ്രങ്ങളാകുന്നു.
വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. ജനങ്ങൾ വിശ്വസിച്ച് തെരഞ്ഞെടുത്ത് ചുമതല ഏൽപ്പിച്ച നേതാക്കൾതന്നെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ചെറുകോൽ, അയിരൂർ, ആറന്മുള പഞ്ചായത്തുകളിലെ ചില സഹകരണ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ഇത്തരം കൊള്ളയാണ് വ്യക്തമാക്കുന്നത്. അയിരൂർ സഹകരണ ബാങ്കിൽ അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്.
പന്തീരായിരത്തിലധികം അംഗങ്ങളുള്ള സഹകരണ സംഘമാണ് അയിരൂർ സർവീസ് സഹകരണ ബാങ്ക്. ജില്ലയിലെ ഏറ്റവും വലിയ പ്രാഥമീക സഹകരണ സംഘങ്ങളിൽ ഒന്ന്.
1985 മുതൽ ബാങ്ക് ഭരിക്കുന്നത് ഒരേ മുന്നണിയാണ്. 2023 ഡിസംബർ 16 നാണ് ഉണ്ണി പ്ലാച്ചേരിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റത്. അതോടെയാണ് പർവ്വത സമാനമായ തട്ടിപ്പിൻ്റെ മുകൾഭാഗം ഉയർന്നു വന്നത്.
2023-24 സാമ്പത്തീക വർഷത്തിൽ മാത്രം നാലേകാൽ കോടിയോളം രൂപ നഷ്ടമെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. എന്നാൽ 2022-2023 വർഷത്തിൽ 12,000 രൂപാ ലാഭമുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഒറ്റ വർഷം കൊണ്ട് എങ്ങനെ ഇത്ര ഭീമമായ നഷ്ടം സംഭവിച്ചു. ഇതു തെളിയിക്കുന്നത് സഹകരണ ഉദ്യോഗസ്ഥരും, അന്നത്തെ ഡയറക്ടർ ബോർഡും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്.
ബാങ്കിൻ്റെ ഒരു മുൻ ഭരണാധിപൻ കുടുംബാംഗങ്ങളുടെ പേരിൽ വായ്പ എടുത്തിരിക്കുന്നത് ഒരേ ‘വസ്തുവിൻ്റെ ഈടിലാണ്. ഭാര്യയുടെ പേരിൽ ഇതെ ഈടിൽ 14 തവണയായി വാങ്ങിയത് 28 ലക്ഷം രൂപ. മറ്റു രണ്ടു കുടുംബാംഗങ്ങളുടെ പേരിൽ 32 ലക്ഷം . ഈ വായ്പകളിൽ നിന്ന് മാത്രം കുടിശിക 92 ലക്ഷത്തിലധികം രൂപ.
മുൻ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള വായ്പയ്ക്കും ഈട് ഒരേ വസ്തു. ഈ വസ്തുവിൻ്റെ പേരിൽ നൽകിയ വായ്പയിൽ 60 ലക്ഷത്തിലധികം രൂപയാണ് ബാങ്കിന് തിരിച്ചടയ്ക്കേണ്ടത്. സെക്രട്ടറി ‘മരണമടഞ്ഞതോടെ ഈ പണത്തിൻ്റെ തിരിച്ചടവ് എങ്ങനെയെന്നതിനും ഉത്തരമില്ല.
മുൻ പഞ്ചായത്ത് പ്രസിഡൻ്റും സൊസൈറ്റി ഡയറക്ടർ ബോർഡംഗവുമായിരുന്ന ആൾക്ക് ശാപമായത് ജാമ്യം നിന്നതുകൂടിയാണ്. ഇദ്ദേഹത്തിൻ്റെയും വായ്പക്ക് ഈടായി നൽകിയ വസ്തുവിന്മേൽ കൃത്യമായ വാല്യുവേഷൻ രേഖപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന് സ്വന്തംവായ്പയിലും,ജാമ്യം നിന്നതിലുമായി 35 ലക്ഷത്തിലധികം ബാധ്യതയുണ്ട്. ബാങ്കിൻ്റെ ബൈലോ പ്രകാരം ഒരംഗത്തിന് സംഘത്തിൽ നിന്നും പരമാവധി വാങ്ങാവുന്ന കടം 15 ലക്ഷം രൂപ മാത്രം.ഇതോടെ ചട്ടലംഘനങ്ങൾ കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളതായി മാറിയിട്ടുണ്ട്.
വായ്പക്കാരിൽ നിന്ന് തുക ഈടക്കാൻ കഴിയാതെ വന്നാൽ തുക അനുവദിച്ച ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈ കാലയളവിൽ സെക്രട്ടറിമാരായിരുന്ന മൂന്നു പേരിൽ നിന്നും ഈടാക്കാനാണ് ഓഡിറ്റ് റിപ്പോർട്ട് ശുപാർശ.അയിരൂർ ബാങ്കിലെ ക്രമക്കേട് വെറും സാമ്പത്തീക തട്ടിപ്പല്ലെന്നും ഇതിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും സഹകാരികൾ പറയുന്നു.
നിക്ഷേപമായി കിട്ടിയ തുകയാണ് വായ്പ നൽകുന്നത്. വായ്പകൾക്ക് കൃത്യമായ തിരിച്ചടവ് ഇല്ലാത്തതിനാൽ നിക്ഷേപ തുക യഥാസമയം തിരികെ നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
പിടിച്ച ചിട്ടി യുടെ തുകയ്ക്കും, ഡിപ്പോസിറ്റിനും വരുന്നവരെ ചെറിയ തുകയും വാഗ്ദാനവും നൽകി മടക്കിഅയച്ചു തുടങ്ങിയതോടെയാണ് നിക്ഷേപകർ വഞ്ചിതരായ സത്യം തിരിച്ചറിയുന്നത്.
മൂന്നു ബ്രാഞ്ചുകളാണ് സംഘത്തിനുള്ളത്.
എന്നാൽ സംഘത്തിന് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിന് അതിശക്തമായ നിയമ നടപടി സ്വീകരിച്ചു വരികയാണെന്ന് നിലവിലെ പ്രസിഡൻ്റ് ഉണ്ണി പ്ലാച്ചേരി പറയുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയും ഈ കൊള്ളയ്ക്കെതിരെ മിണ്ടാത്തത് കൊള്ള മുതലിൻ്റെ വിഹിതം ലഭിച്ചതുകൊണ്ടാകാം എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനിടയിൽ പരാതിയുമായിEDയെ സമീപിക്കാനുള്ള ശ്രമത്തിലാണ് സഹകാരികളെന്നറിയുന്നു.
അയിരൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നിശബ്ദത ദുരൂഹവും നിന്ദ്യവുമാണ്. തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ ജനശബ്ദം പിന്നാലെ എത്തിക്കുന്നതാണ്.